പ്രതിപക്ഷ ആവശ്യം തള്ളി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ചര്‍ച്ചയ്ക്കുള്ള ആവശ്യം നിരസിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ബില്‍ പാസാക്കിയതിന് പിന്നാലെ സഭ നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് 2 മണിക്ക് വീണ്ടും സഭ ചേരും.
രാവിലെ ശീതകാല സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബഹളം തുടങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു. പിന്നീട് 12 മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് ബില്‍ പാസാക്കിയത്. രാജ്യസഭയിലും ബില്‍ ഇന്നു തന്നെ പാസാക്കാനാണ് നീക്കം. കര്‍ഷക സമരത്തെ തുടര്‍ന്ന് 19-ാം തിയതിയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. നിയമങ്ങള്‍ പിന്‍വലിച്ചു, ഇനി മിനിമം താങ്ങുവിലയെക്കുറിച്ചും കര്‍ഷകരുടെ മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കാമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു.