പത്മജ തൃശൂരിൽ, പാലക്കാട് ശോഭ സുരേന്ദ്രൻ: മത്സരിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നേതൃത്വം
തൃശൂരിൽ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം പത്മജയോട് ആവശ്യപ്പെട്ടുവെന്ന് സൂചന. മുരളീധരന്‍റെ എതിരാളിയായി വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന്‍റെ നിർദേശം വന്നതോടെ പത്മജയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കണമെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു.
എന്നാൽ തന്നോട് ഇതുവരെ പാർട്ടി തീരുമാനം അറിയിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും എന്നുമാണ് പത്മജ വേണുഗോപാൽ പറഞ്ഞത്. വാർത്തകൾ താനും കേൾക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ ആരും സംസാരിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. മുമ്പ് മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ അടുത്ത കാലത്ത് അങ്ങനെ ചർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു.
എട്ടിലേറെ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്‍റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. വട്ടിയൂർക്കാവ്, പാലക്കാട്, ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങൾ, കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങൾ എന്നിങ്ങനെ പലയിടത്തും ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രന്‍റെ പേര് ഉയർന്ന് കേട്ടിരുന്നു.
ഏത് മണ്ഡലത്തിൽ മത്സരിച്ചാലും അവിടെ അതിശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് ശോഭ സുരേന്ദ്രൻ. ബി.ജെ.പിക്ക് വലിയ സ്വാധീനം ഉള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ മൂന്ന് തവണയായി പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്.