പാരീസ് ഒളിമ്പിക്സ്; വനിതാ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മനു ഭാകർ ഫൈനലിൽ 

 

ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു മെഡൽ പ്രതീക്ഷയേകി മനു ഭാകർ. വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റലിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മനു ഭാകർ യോഗ്യതാ റൗണ്ടിൽ ഫിനിഷ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3.30നാണ് ഫൈനൽ മത്സരം. അതേസമയം ഇതേയിനത്തിൽ മത്സരിച്ച റിഥം സങ്‍വാൻ 15–ാമതാണ് ഫിനിഷ് ചെയ്തത്.

യോഗ്യതാ റൗണ്ടിൽ 573 പോയിന്റ് നേടിയെങ്കിലും റിഥമിന് ഫൈനൽ ഉറപ്പിക്കാൻ സാധിച്ചില്ല. യോഗ്യതാ റൗണ്ടിൽ ഹംഗേറിയൻ താരം മെജർ വെറോണിക്കയും ദക്ഷിണകൊറിയൻ താരം ഒ യെ ജിന്നുമാണ് മനു ഭാകറിനു മുന്നിലുള്ളത്. എട്ടു പേരാണ് ഫൈനൽ റൗണ്ടിനു യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ ഒരു സീരിസ് ബാക്കിയുള്ളപ്പോൾ ഇന്ത്യൻ താരം അഞ്ചാം സ്ഥാനത്തായിരുന്നു.

അവസാന സീരിസിലാണ് മൂന്നാം സ്ഥാനത്തേക്കു കയറിയത്. ചൈന, വിയറ്റ്നാം, തുനീസിയ താരങ്ങളും ഫൈനലിൽ കടന്നു. 2022 ഏഷ്യൻ ഗെയിംസിൽ മനു ഭാകർ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ സ്വർണം സ്വന്തമാക്കി