പിണറായി ഇടതുപക്ഷത്തിന്റെ 'തല'; ഒരു അഭിമുഖം നൽകാൻ PR ഏജൻസിയുടെ ആവശ്യമില്ല- മുഹമ്മദ് റിയാസ്

 

ഇടതുപക്ഷത്തിന്റെ തലയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ പിണറായിയുടെ തലക്കടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിമുഖം പി.ആർ. ഏജൻസി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടേതെന്ന പേരിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'മലപ്പുറം ജില്ലയേയും മതന്യൂനപക്ഷങ്ങളേയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് നടത്തിയ പ്രചരണത്തിന് അല്പമെങ്കിലും നാണമുണ്ടെങ്കിൽ മാധ്യമങ്ങൾ മാപ്പുപറയാൻ തയ്യാറാകണം' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

റിയാസ് മാധ്യമങ്ങളോട് പറഞ്ഞത്; ബി.ജെ.പി.- ആർ.എസ്.എസ്. കേന്ദ്രങ്ങളിൽനിന്ന് ശക്തമായ ആക്രമണം പിണറായി വിജയൻ നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തലയ്ക്കുവരെ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

പറയാത്ത കാര്യം കൊടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിതന്നെ പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട്ടു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കി. മലപ്പുറം ജില്ലയ്‌ക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തിലുള്ള വാർത്ത എത്രപേർ തിരുത്താൻ തയ്യാറായി. ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. ആ വാദം പൊളിഞ്ഞപ്പോൾ അടുത്ത സി.ഡി എടുത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ടവർതന്നെ പറയും.

രു അഭിമുഖം നൽകാൻ മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നത് എങ്ങനെയാണെന്ന് മാധ്യമപ്രവർത്തകരെല്ലാം കണ്ടതാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായി 1998 മുതൽ 2024 വരെ കാൽ നൂറ്റാണ്ടുകാലം മുഖ്യമന്ത്രി എങ്ങനെയാണ് പത്രക്കാരെ കണ്ടത് പത്രസമ്മേളനം നടത്തിയത്, ഇടപെട്ടത്ത്, എങ്ങനെയാണ് സമീപിക്കുന്നത് എന്നൊക്കെ നന്നായി അറിയുന്നവരാണ് മാധ്യമങ്ങളും സമൂഹവും.

കേരളത്തിലെ മുഖ്യമന്ത്രിയെ ഇങ്ങനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. 2021-ൽ ഇടതുപക്ഷത്തിന്റെ തുടർഭരണം വരുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസവും താത്പര്യവും മുഖ്യമന്ത്രിക്ക് നൽകിയ പിന്തുണയുമാണ്. ഇനി ഇടതുപക്ഷത്തെ തകർക്കാൻ അതിന്റെ തലക്കടിക്കണം. അത് ഇപ്പോൾ പിണറായി വിജയനാണ്. ഇന്നലെ വേറെ ആളായിരുന്നു. നാളെ വേറൊരാളാകും. ആരാണോ ആ തല. ആ തലയെ അടിക്കും. അതിനെ അടിക്കുമ്പോൾ എന്ത് വ്യാഖ്യാനം ആ മറുപടിക്ക് നൽകിയാലും ഞാൻ പറയും. അതാണ് പാർട്ടി പഠിപ്പിച്ചിട്ടുള്ളത്. അത് മന്ത്രിയായാലും ശരി, ഇടതുപക്ഷ പ്രസ്ഥാനപ്രവർത്തകനായാലും ശരി, ഇടതുപക്ഷ പ്രസ്ഥാനത്തെയും സിപിഎമ്മിനേയും അക്രമിക്കാനുള്ള ശ്രമം നടത്തിയാൽ അവസാന ശ്വാസംവരെ രാഷ്ട്രീയം പറയും.