പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി

 

പോലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് പെണ്‍കുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

പരസ്യ വിചാരണയ്ക്ക് ഇരയായ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രന്റെ മകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം ചോദിച്ചത്. വഴിയില്‍ കണ്ട പെണ്‍കുട്ടിയോട് എന്തുകൊണ്ടാണ് മൊബൈല്‍ ഫോണിനെക്കുറിച്ച് ചോദിച്ചതെന്ന് കോടതി ചോദിച്ചു. ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നത് കുറച്ചു കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളിയെന്ന് വിളിച്ചെന്നും പിതാവിന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നെങ്കിലും ആരോപണ വിധേയയായ ഉദ്യോഗസ്ഥ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.