സെക്രട്ടറിയേറ്റ് തീപ്പിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ്; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപ്പിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കത്തിയ കടലാസുകള്‍ പ്രാധാന്യമുള്ളവ അല്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തീപ്പിടിത്തത്തില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഫാനിന്റെ മോട്ടോര്‍ ചൂടാവുകയും പ്ലാസ്റ്റിക് ഉരുകി കടലാസില്‍ വീഴുകയും ചെയ്തതായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. രാവിലെ 9.30നാണ് ഫാന്‍ ഓണ്‍ ചെയ്തത്. ഈ ഓഫീസിലുണ്ടായിരുന്ന ഒരാള്‍ക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ അവധി നല്‍കിയിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചു പോകുമ്പോള്‍ ഫാന്‍ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പോലീസും നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഉണ്ടായിട്ട് ഒരു വര്‍ഷം തികയാനിരിക്കെയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തമുണ്ടായത്.
ഇതോടെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കത്തി നശിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിന്നാലെ രണ്ടു തലങ്ങളിലായി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.