മുസ്ലീം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ പോലീസ് കേസ്

 

മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും അനുമതിയില്ലാതെ ജാഥ നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീം ലീഗ് നേതാക്കള്‍ക്കു കണ്ടാലറിയാവുന്ന 10,000 പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്. റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും മാസ്ക് പോലും ധരിച്ചിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിന് എതിരെയായിരുന്നു പ്രതിഷേധം. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി പ്രസംഗത്തില്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. റാലിയില്‍ കെ.എം.ഷാജി നടത്തിയ പ്രസംഗവും വിവാദമായിരുന്നു.

വഖഫ് നിയമന വിഷയത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ലീഗ് മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം കൊണ്ടുനടക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.