അസമില്‍ പോലീസ് വെടിവെച്ച് വീഴ്ത്തിയയാളെ ക്രൂരമായി ആക്രമിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

 
അസമില്‍ പോലീസ് വെടിവെച്ച് വീഴ്ത്തിയയാളുടെ നെഞ്ചില്‍ ചാടി ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

അസമില്‍ പോലീസ് വെടിവെച്ച് വീഴ്ത്തിയയാളുടെ നെഞ്ചില്‍ ചാടി ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ധരാങ് ജില്ലാ അഡ്മിനിസ്ട്രഷന്‍ ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇയാള്‍ വെടിയേറ്റ് വീണുകിടന്നയാളെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അസമില്‍ ഭൂമി കയ്യേറ്റം ആരോപിച്ച് ഒഴിപ്പിക്കാനെത്തിയ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനും വെടിവെയ്പ്പിനും ഇടയിലാണ് സംഭവമുണ്ടായത്. 3 പേര്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ കൊല്ലപ്പെട്ടു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടിവെയ്ക്കുകയും വെടിയേറ്റ് വീണവരെ കൂട്ടംകൂടി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ അതിക്രമം നടത്തിയത്. വീണു കിടക്കുന്നയാളുടെ നെഞ്ചില്‍ ഒന്നിലേറെ തവണ ചവിട്ടുകയും ഓടി വന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുകയും കഴുത്തില്‍ കാലുപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് പിടിച്ചു മാറ്റിയെങ്കിലും വീണ്ടും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. അസമിലെ ദറാംഗ് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത കയ്യേറ്റം നടത്തി താമസിക്കുകയാണെന്ന് ആരോപിച്ച് 800ഓളം പേരെ ഒഴിപ്പിക്കാനാണ് പോലീസ് എത്തിയത്. താമസക്കാരില്‍ ഭൂരിപക്ഷവും മുസ്ലീം വിഭാഗത്തിലുള്ളവരാണ്.