എൻഎസ്എസിന്റെ നാമജപയാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

 

തിരുവന്തപുരത്ത് ഇന്നലെ നടന്ന എൻഎസ്എസിന്റെ നാമജപയാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന ആയിരംപേർക്കെതിരെയുമാണ് കേസ്. ന്യായ വിരോധമായി സംഘം ചേർന്ന് ഗതാഗത തടസം സൃഷ്‌ടിച്ചുവെന്നാണ് കേസ്.

മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസി‍ഡന്‍റ് സംഗീത് കുമാര്‍ പറ‍ഞ്ഞു.