പോത്തുണ്ടി സജിത വധക്കേസ്; പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം 14 വർഷവും പിഴയും ആണ് ശിക്ഷ
 

നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൂന്നേകാല്‍ ലക്ഷംരൂപപിഴയും  വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.  ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം ജീവപര്യന്തം തടവായി 14 വർഷവും പിഴയും ആണ് ശിക്ഷ.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. 2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയും  വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

സജിത വധക്കേസില്‍ ചെന്താമരയുടെ പേരില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന, കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍(201), അതിക്രമിച്ച് കടക്കല്‍(449) തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി ചൊവ്വാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ശിക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കോടതി കേട്ടത്. നിഷ്ഠൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനുപുറമേ മറ്റു രണ്ടുകൊലപാതകങ്ങള്‍കൂടി നടത്തിയിട്ടുണ്ട്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധിശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.