വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ട് പരിഹരിക്കാനാകില്ലെന്ന് മന്ത്രി
കടുത്ത ചൂടും ഉപഭോഗത്തിലെ അപ്രതീക്ഷിത വർധനയും കാരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പെട്ടെന്ന് സ്വിച്ചിട്ട് പരിഹരിക്കാവുന്നതോ അത്ഭുതങ്ങൾ സംഭവിക്കുന്നതോ ആയ ഒരു സാഹചര്യമല്ല നിലവിലുള്ളത്. എവിടെനിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയാറാണെന്നും അതിനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 1000ത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ ആവശ്യകത 4153 മെഗാവാട്ടിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡ് ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എയർകണ്ടീഷനിങ് സംവിധാനങ്ങളുള്ള കെട്ടിടങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയതും അവ രാത്രികാലങ്ങളിൽ ചാർജ് ചെയ്യുന്നതും പീക്ക് അവേഴ്‌സിലെ ഭാരം കൂട്ടിയെന്നും ചൂട് കാലാവസ്ഥ കാരണം രാപകൽ ഭേദമന്യേയുള്ള വൈദ്യുതി ഉപയോഗവും നിയന്ത്രണത്തിന് നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.