വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കാൻ നിർദേശം

 


 വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചത്. കോഴിക്കോട് നിപ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 42 ദിവസം ഇന്‍ക്യുബേഷന്‍ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രവര്‍ത്തനം. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചതായും മന്ത്രി അറിയിച്ചു. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടല്‍ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താന്‍ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.