അടിച്ചു ഷേപ്പ് മാറ്റുമെന്ന് എസ്എഫ്ഐ പ്രവർത്തകരോട് ആക്രോശിച്ച് പ്രിൻസിപ്പൽ; അധിക്ഷേപിച്ചതായി പരാതി
വനിതാ ഹോസ്റ്റലിൽ സെക്യുരിറ്റിയെ നിയമിക്കണമെന്നും ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ എസ്എഫ്ഐ പ്രവർത്തകരെ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ അധിക്ഷേപിച്ചതായി പരാതി. തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി. അലവലാതികളോട് സംസാരിക്കാനില്ലെന്നും നാല് പൊണ്ണത്തടിയൻമാർ തന്നെ ആക്രമിക്കാൻ വന്നുവെന്നും പ്രിൻസിപ്പൽ പറയുന്നതിന്റെ വീഡിയോ എസ്എഫ്ഐ പ്രവർത്തകർ പുറത്തുവിട്ടു.
സെക്യൂരിറ്റിയെ നിയമിക്കാനും ക്യാമറ സ്ഥാപിക്കാനും സൗകര്യമില്ലെന്നും തന്റെ ക്യാമ്പസിൽ ക്യാമറ സ്ഥാപിക്കണമെന്ന് പറയാൻ നിങ്ങളാരാണെന്നുമൊക്കെയാണ് പ്രിൻസിപ്പൽ ചോദിക്കുന്നത്. ഇതിനിടയിൽ അടിച്ച് ഷേപ്പ് മാറ്റുമെന്നും അവർ ആക്രോശിക്കുന്നുണ്ട്. എന്നാൽ പുറത്തു നിന്ന് വന്നവർ അക്രമ കാട്ടുകയായിരുന്നുവെന്നാണ് പ്രിൻസിപ്പൽ പ്രതികരിച്ചത്.