തടവുകാർ ഏറ്റുമുട്ടി; ഇക്വഡോർ ജയിൽ കാലപത്തിൽ 116 മരണം

 

ഇക്വഡോറിലെ ജയിലിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 116 പേർ മരിച്ചതായി റിപ്പോർട്ട്. 80ലേറെ പേർക്ക് പരിക്കുപറ്റി. 
ഗ്വായാക്വിൽ നഗരത്തിൽ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തടവുകാരെ തല വെട്ടിയും ബാക്കിയുളളവരെ വെടിവെച്ചുമാണ് കൊന്നത്. തടവുകാർ പരസ്പരം ഗ്രനേഡുകൾ എറിഞ്ഞതായും പോലീസ് പറഞ്ഞു.

ആഗോള മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ 400 പോലീസ് ഉദ്യോഗസ്ഥർ വേണ്ടിവന്നു. ഇക്വഡോറിലുള്ള ശക്തമായ മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജയിലുകളുടെ നിയന്ത്രണത്തിനായി  ഇത്തരം ഏറ്റുമുട്ടൽ ഇക്വഡോറിൽ പതിവാണ്. ഫെബ്രുവരിയിൽ 79 തടവുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഇപ്പോൾ കാലപം നടന്ന ലിറ്റോറൽ ശിക്ഷാ കേന്ദ്രം രാജ്യത്തെ ഏറ്റവും അപകടകരമായ ജയിലായി കണക്കാക്കപ്പെടുന്നതാണ്.
പോരാട്ടം നടന്ന ഭാ​ഗത്ത് കുടുങ്ങിക്കിടന്ന ആറ് പാചകക്കാരെ സുരക്ഷിതരാക്കാൻ പോലീസിന് കഴിഞ്ഞു. പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ രാജ്യത്തെ ജയിൽ സംവിധാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.