ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ പൗരൻമാർക്ക് എംബസിയുടെ നിർദേശം
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടാനാണ് നിർദേശം. പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തിലാണിത്.
ജനുവരി അഞ്ചിനു നൽകിയ മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് എംബസിയുടെ പുതിയ നിർദേശം. എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അഭ്യർഥിച്ചു. ഇറാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണം.
ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ-ഇമിഗ്രേഷൻ രേഖകൾ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണം. ഇതുവരെ എംബസിയിൽ റജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും താഴെ കാണുന്ന ലിങ്ക് വഴി ഉടൻ റജിസ്റ്റർ ചെയ്യണം.
ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ സുരക്ഷാസൈനികരടക്കം 2,000 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ഇറാൻ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2003 പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇറാനിലെ ജനങ്ങളോടു സമരം തുടരാൻ ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സഹായം ഉടൻ എത്തുമെന്നു പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ച യുഎസ് നിർത്തിവച്ചതായും അറിയിച്ചു.