വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം; ആവശ്യവുമായി മുസ്ലിം സംഘടനകൾ 

 

വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ. ഇന്നലെ ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്

വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം മലബാറിലെ പ്ലസ് വൺ, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യം കൂടി മുന്നിൽ വെക്കുന്നുണ്ട്.

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ റിപ്പോർട്ട് വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ക്രൈസ്തവ സംഘടനകൾക്കിടയിൽ രൂക്ഷമാണ്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്. വിവിധ ന്യൂനപക്ഷങ്ങൾ മുന്നോട്ട് വച്ച കാര്യങ്ങൾ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം ന്യൂനപക്ഷ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.