പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗ് രാജിവച്ചു; പാര്‍ട്ടിയില്‍  പലതവണ അപമാനിക്കപ്പെട്ടെന്ന് ക്യാപ്റ്റൻ

 

പഞ്ചാബ് മുഖ്യന്ത്രി ക്യാപ്റ്റന്‍ അമരീന്ദർ സിംഗ് രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ബര്‍വാരിലാല്‍ പുരോഹിതിന് കൈമാറി. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിനെതിരായി.തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമരീന്ദറിന്റെ രാജി.

  കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. പാര്‍ട്ടിയില്‍ താന്‍ പലതവണ അപമാനിക്കപ്പെട്ടുവെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.  കോണ്‍ഗ്രസ് അധ്യക്ഷയുമായി ഇന്ന് രാവിലെ താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവെക്കുന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് തന്റെ രാജി ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ കാണുന്നത്. അതുകൊണ്ടാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് ആരെയാണ് വിശ്വാസമുള്ളത്, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.