സമര പുളകങ്ങളിൽ പുന്നപ്ര- വയലാർ;  77-ാം വാർഷിക വാരാചരണത്തിന് ഇന്ന് തുടക്കം 

 

ആലപ്പുഴ: രാജവാഴ്‌ചയ്‌ക്കെതിരെ പൊരുതി നാടിന്റെ മോചനപാതയിൽ സർ സിപിയുടെ ചോറ്റുപട്ടാളത്തോടേറ്റുമുട്ടി മരിച്ച പുന്നപ്രയിലെയും മാരാരിക്കുളത്തെയും മേനാശേരിയിലെയും വയലാറിലെയും ധീരസഖാക്കളുടെ സ്‌മരണ പുതുക്കി പുന്നപ്ര – വയലാർ സമരത്തിന്റെ 77-ാം വാർഷിക വാരാചരണത്തിന്‌ ഇന്ന് തുടക്കം. സ്വാതന്ത്ര്യസമര – -തൊഴിലാളിവർഗ പോരാട്ടചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ പുന്നപ്ര–വയലാർ വാരാചരണം സി എച്ച് കണാരൻ ദിനമായ 20 മുതൽ വയലാർ രക്തസാക്ഷിദിനമായ 27 വരെ ആചരിക്കും.

പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും നാടിന്റെ സ്വാതന്ത്ര്യത്തിനുമായി വീരമൃത്യു വരിച്ച രണധീരരെ 23ന്‌ പുന്നപ്രയിലും 25ന്‌ മേനാശേരിയിലും 26ന്‌ മാരാരിക്കുളത്തും 27ന്‌ വയലാറിലും സ്‌മരിക്കും. സിപിഐ എം – സിപിഐ സംയുക്തമായാണ്‌ വാരാചരണം സംഘടിപ്പിക്കുന്നത്‌. അനുസ്‌മരണ പരിപാടികളിൽ ഇരു പാർടികളുടെയും സമുന്നത നേതാക്കൾ പങ്കെടുക്കും.

ഇന്ന് വൈകിട്ട്‌ ആറുമണിക്ക് മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌  ഇ കെ ജയനും വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ പി കെ മേദിനിയും പതാക ഉയർത്തും.  മേനാശേരിയിലും വയലാറിലും ശനിയാഴ്‌ച ചെങ്കൊടി ഉയരും. പുന്നപ്ര ദിനമായ 23ന്‌ വൈകിട്ട്‌ പുന്നപ്ര സമരഭൂമിയിൽ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന്‌ വയലാർ ദിനത്തിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ചേരുന്ന പൊതുസമ്മേളനത്തിൽ ഡോ. ടി എം തോമസ്‌ ഐസക്‌, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.