പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

 

കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് അടക്കമുളള നേതാക്കൾ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു. ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക സി ഒ ടി നസീറിന്റെ അമ്മ നല്‍കി. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍.

പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പണത്തിന് എത്തിയത്. ഇന്ന് അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലായിരിക്കും ചാണ്ടി ഉമ്മന്റെ പ്രചാരണം. എൻഡിഎയുടെ സ്ഥാനാർത്ഥി ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് തീരും.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, മന്ത്രി വി എൻ വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ അനിൽകുമാർ അടക്കമുള്ളവർ പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.