രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി

 

രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് സൂറത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷാവിധിയുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി. 

വിധി വന്ന വ്യാഴാഴ്ച മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് സെക്രട്ടറിയേറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ സൂറത്ത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. പക്ഷേ, മേല്‍ക്കോടതിയുടെ ഇടപെടലുണ്ടാകുന്നതിനു മുന്‍പു തന്നെ ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടിയെടുത്തിരിക്കുകയാണ്. ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ഇതനുസരിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കുകയാണെങ്കില്‍ അയോഗ്യത കല്‍പിക്കപ്പെടും.