രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ് 

 


രാഹുൽ ഗാന്ധിയെ ‘പുതിയ യുഗ രാവണൻ’ ആയി ചിത്രീകരിച്ച ബിജെപി പോസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും പാർട്ടിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയ്‌ക്കുമെതിരെ കോൺഗ്രസ് രാജസ്ഥാൻ ഘടകം ജനറൽ സെക്രട്ടറിജസ്വന്ത് ഗുർജാർ കോടതിയെ സമീപിച്ചു. ജയ്പൂർ മെട്രോപൊളിറ്റൻ കോടതി-11-ലാണ് ജസ്വന്ത് ഗുർജാർ ഹർജി സമർപ്പിച്ചത്. ഒക്ടോബർ 9ന് ഹർജിയിൽ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.

ബിജെപി നേതാക്കൾക്കെതിരെ ഐപിസി സെക്ഷൻ 499 (മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം), 500 (അപകീർത്തിപ്പെടുത്തൽ), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം കേസെടുക്കണമെന്ന് ജസ്വന്ത് ഗുർജാർ തന്റെ ഹർജിയിൽ ആവശ്യപ്പെടുന്നു. 

 'ഇതാ പുതുതലമുറയിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം', എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റർ ബിജെപി പങ്കുവെച്ചത്.