'രാമൻ കരുണയുടെ പ്രതീകമാണ്'; അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22 ന് തുറക്കുമെന്ന് മോഹൻ ഭഗവത് 

 

അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. അയോധ്യയിൽ ശ്രീരാമക്ഷേത്രം പണി തുടരുകയാണ്. ജനുവരി 22ന് ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മോഹൻ ഭഗവത് അറിയിച്ചു.

പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി 14ന് ശേഷം പ്രതിഷ്ഠാ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. പത്ത് ദിവസത്തെ ആഘോഷ പരിപാടികളായിട്ടാണ് ചടങ്ങുകൾ നടത്തുക.

ഭഗവാൻ ശ്രീരാമൻ്റെ വിഗ്രഹം രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പോകുകയാണ്. രാമൻ കരുണയുടെ പ്രതീകമാണ്. ആ സന്ദേശമാണ് അയോധ്യയിൽ നിന്ന് ഉയരുന്നതെന്ന് മോഹൻ ഭഗവത് പറഞ്ഞു.