പീഡനക്കേസ്; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും 

 

 പീഡന പരാതിയില്‍ നടന്‍ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയ ഷിയാസിനെ ഇന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്തേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.