ബലാല്‍സംഗ ഇരയെ ഭീഷണിപ്പെടുത്തി; മോന്‍സണെതിരെ വെളിപ്പെടുത്തലുമായി യുവതി

 
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ബലാല്‍സംഗ ഇരയെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ബലാല്‍സംഗ ഇരയെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ആലപ്പുഴ സ്വദേശി ശരത്ത് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയ യുവതിയെയാണ് മോന്‍സണ്‍ ഭീഷണിപ്പെടുത്തിയത്. മോന്‍സണിന്റെ ബിസിനസ് പാര്‍ട്ണറുടെ മകനാണ് ശരത്ത്. കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും കേസില്‍ കുടുക്കുമെന്നും മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ പ്രതികള്‍ക്ക് വേണ്ടി തന്റെ പിതാവിനെ മോന്‍സണ്‍ നേരിട്ടു കണ്ടു. ഒത്തുതീര്‍പ്പിന് താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സഹോദരനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിപ്പിച്ചു. സഹോദരന്‍ പോയില്ല. പകരം പോയ സുഹൃത്തിനെ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ഗുണ്ടകളെ അയച്ചതായും യുവതി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ താന്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ മോന്‍സണിന്റെ പേര് പരാമര്‍ശിച്ചിരുന്നു. നടപടിയൊന്നും വരാതിരുന്നതോടെ വീണ്ടും പരാതി നല്‍കി. ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. തന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ഉന്നതതലത്തില്‍ സ്വാധീനമുള്ള മോന്‍സണ് കഴിഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു.

ഇപ്പോഴും ഭീഷണിയുണ്ട്. പരാതി സംബന്ധിച്ച വിവരങ്ങള്‍ മോന്‍സണ് ലഭിക്കുന്നുണ്ടായിരുന്നു. കേസിന്റെ നിജസ്ഥിതി ഇപ്പോള്‍ എന്താണെന്ന് അറിയില്ല. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.