ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; വിറ്റഴിച്ചത് 757 കോടി രൂപയുടെ മദ്യം
ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നത്. ഇന്നലെ വരെ പത്ത് ദിവസം 757 കോടിയുടെ മദ്യമാണ് കേരളത്തിലെ വിവിധ ബെവ്‌കോകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 700 കോടിയുടെ മദ്യമാണ് വിറ്റത്. അവിട്ടം ദിനമായ ഇന്നലെ ബെവ്‌കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഓണക്കാലത്തെ മദ്യവിൽപ്പനയിലൂടെ സർക്കാരിലേക്കെത്തിയത് 675 കോടിയുടെ വരുമാനമാണ്.
ഉത്രാട ദിനം വരെ എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 21.8.23 മുതൽ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വിൽപ്പനയുടെ കണക്കാണിത്. ഇത്തവണ 41കോടി രൂപയുടെ അധിക വിൽപനയാണ് ഉത്രാടം വരെ നടന്നത്. കഴിഞ്ഞ വർഷം 31.8.22 മുതൽ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വർഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വിൽപ്പന 700.6 കോടിയായിരുന്നു.
പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റഴഞ്ഞത് ജവാൻ ബ്രാൻഡാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് വിറ്റൊഴിഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ ജനപ്രിയ ബ്രാന്റുകൾ ഔട്ട്‌ലെറ്റുകളിൽ എത്തിച്ച് സജ്ജമാക്കിയിരുന്നു. അന്നും മുൻഗണന ജവാന് തന്നെയായിരുന്നു. വില കുറവാണെന്നത് കൂടിയാണ് ജവാനെ ജനപ്രിയമാക്കുന്നത്. പ്രത്യേകിച്ചൊരു ബ്രാൻഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം നൽകണമെന്നായിരുന്നു മാനേജർമാർക്കുള്ള നിർദേശം