നിയമന തട്ടിപ്പ്ക്കേസ്; അഖില്‍ സജീവിന്റെ കൂട്ടാളി രാജേഷ് യുവമോര്‍ച്ച നേതാവ്, ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്

 


പത്തനംതിട്ട: സ്‌പൈസ് ബോര്‍ഡ് നിയമനത്തട്ടിപ്പു കേസില്‍ ഒന്നാം പ്രതി അഖില്‍ സജീവിന്റെ കൂട്ടാളി രാജേഷ് യുവമോര്‍ച്ച നേതാവ് ആണെന്ന് സ്ഥിരീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. രാജേഷ് യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എന്ന് സൂചിപ്പിച്ചുള്ള ബിജെപി ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാവുന്നത്. ഓഗസ്റ്റ് 28 ലേതാണ് പോസ്റ്റ്. രാജേഷിന് ബിജെപി, യുവമോര്‍ച്ച ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

'വീണാ ജോര്‍ജ്ജിന്റെ ഓഫീസില്‍ നടക്കുന്നതൊക്കെ യുവമോര്‍ച്ച നേതാവിന്റെ ശ്രമത്തിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നാണോ നിങ്ങള്‍ പറയുന്നത്. ശരിയായ കുറ്റവാളികളെ കണ്ടുപിടിക്കണം. വീണാ ജോര്‍ജ്ജ് അറിഞ്ഞുകൊണ്ടാണ് പ്യൂണ്‍ മുതല്‍ ഡോക്ടര്‍ നിയമനം വരെ നടക്കുന്നത്.' രാജേഷുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ സുരേന്ദ്രന്റെ മറുപടി ഇപ്രകാരമായിരുന്നു. അതേസമയം രാജേഷിന് യുവമോര്‍ച്ചയുടെ ചുമതലയിലുണ്ടായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച ഷൈന്‍ ജി കുറുപ്പ് സ്ഥിരീകരിച്ചു.

സ്‌പൈസ് ബോര്‍ഡില്‍ ക്ലര്‍ക്ക് നിയമം വാഗ്ദാനം ചെയ്ത് ഓമല്ലൂര്‍ സ്വദേശിയില്‍ നിന്നും 4,39,340 രൂപ തട്ടിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ രാജേഷ് ഒളിവിലാണ്. കേസിലെ മുഖ്യ പ്രതി അഖില്‍ സജീവും രാജേഷും ബിസിനസ് പങ്കാളികളാണെന്നാണ് വിവരം.