ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസില്‍ നിയമിക്കുന്നു; ശുപാര്‍ശ നല്‍കി സര്‍ക്കാര്‍
കേരള പോലീസില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നിയമനം നല്‍കാന്‍ ശുപാര്‍ശ. സര്‍ക്കാരാണ് ശുപാര്‍ശ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറിയത്. ഇക്കാര്യത്തില്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം അറിയുന്നതിനായാണ് ശുപാര്‍ശ കൈമാറിയിരിക്കുന്നത്. എഡിജിപിമാരുടെ യോഗത്തില്‍ പോലീസിന്റെ നിലപാട് സ്വീകരിക്കും. ഇതിന് ശേഷം വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ നിലപാടെടുക്കുമെന്നാണ് വിവരം.
ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് അഭിപ്രായം ചോദിച്ചിരിക്കുന്നത്. ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാനാകുമെന്നും പരിശോധിക്കുന്നുണ്ട്.
ക്രമസമാധാന പാലനത്തിന് ഇവരെ നിയോഗിക്കാനാകുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തി അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം. പോലീസ് പരിശീലനത്തിന്റെ ചുമതലയുള്ള എപി ബറ്റാലിയന്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരാണ് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കേണ്ടത്. അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ഇന്റലിജന്‍സ് എഡിജിപി പോലീസ് സേനയുടെ അഭിപ്രായം എന്ന നിലയില്‍ ഡിജിപിയെ അറിയിക്കും. പിന്നീട് സംസ്ഥാന പോലീസ് മേധാവിയായിരിക്കും സേനയുടെ നിലപാട് വ്യക്തമാക്കുക