രാജി വക്കാൻ ​ഗ്യാനേഷ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

സമ്മതിക്കാതെ ബിജെപി 
 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. ഇതിനിടെ ​ഗ്യാനേഷ്കുമാർ രാജി സന്നദ്ധത അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഇന്ത്യ സഖ്യം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധത്തിന്റെ അലയൊലികൾ ഡൽഹിയിൽ ഇന്നും തുടരും. ഉച്ചയോടെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് റിപ്പോർട്ട്. എസ്.ഐ.ആർ. പിൻവലിക്കുക, വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയ പേരുകൾ പുനഃസ്ഥാപിക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ഇന്ത്യ സഖ്യ പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്ന ആം ആദ്മി പാർട്ടിയും ഇന്നത്തെ സമരത്തിൽ പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും തെരുവിലിറങ്ങുന്നതോടെ സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാവാനാണ് സാധ്യത.

ഒക്ടോബർ 10-ന് ജന്തർ മന്ദറിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിൽനിന്ന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ നൽകാനായി സി.ജെ.പി. കൺവീനർ സൗരവ് ദാസ് ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തും. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഗ്യാനേഷ് കുമാറും മുതിർന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും ഇന്നും നാളെയും നടത്താനിരുന്ന ഛത്തീസ്ഗഢ് സന്ദർശനം മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാലാണ് സന്ദർശനം മാറ്റിവെച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ കത്തിൽ പറയുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ദന്തേവാഡ ജില്ലയിലെ പ്രസിദ്ധമായ ദന്തേശ്വരി മാതാ ക്ഷേത്രം, ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടം, കവാർധ ജില്ലയിലെ ഭോരംഗദേവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു പദ്ധതി. സന്ദർശന കാലയളവിൽ ഗ്യാനേഷിനെ സംസ്ഥാന അതിഥിയായി പ്രഖ്യാപിക്കുകയും ആവശ്യമായ പ്രോട്ടോക്കോൾ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.