വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെ; പരിഹാരം കണ്ടെത്തണം, പ്രിയങ്ക ഗാന്ധി

 

 

വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയെന്നും, ഡൽഹിയിലെ വായുമലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി. അന്തരീക്ഷത്തിലെ പുകമഞ്ഞ് ഞെട്ടിക്കുന്നതാണ്. എല്ലാവരും ഒരുമിച്ച് ശുദ്ധവായുവിന് പരിഹാരം കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനുമപ്പുറമാണെന്നും പ്രിയങ്ക പ്രതികരിച്ചു.

അതിരൂക്ഷമായ വായു മലിനീകരണത്തെ തുടർന്ന് രണ്ടു ദിവസമായി പുകമഞ്ഞിന്റെ പിടിയിലാണ് ഡൽഹി.വായുഗുണ നിലവാര നിരക്ക്, ഗുരുതര വിഭാഗത്തിൽപ്പെട്ട 400 ന് മുകളിലാണ്. ഡൽഹിയിലെ 40 സ്റ്റേഷനുകളിൽ 18 എണ്ണത്തിലും അപകടകരമായനിലയിലാണ് വായു ഗുണനിലവാര നിരക്ക്.

കടുത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുന്നൂറിലേറെ വിമാന സർവീസുകൾ വൈകി. ഒട്ടേറെ നടപടികൾക്ക് ശേഷവും മലിനീകരണം കുതിച്ചുയർന്നതോടെ, ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.ഡൽഹിയിൽ വാഹന നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും എന്നാണ് സൂചന.

അതേസമയം, വായുമലിനീകരണത്തിന്റെ ദുരിതം പേറുന്ന ഡല്‍ഹി നിവാസികള്‍ക്ക് വെല്ലുവിളിയായി തണുപ്പും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ഡല്‍ഹി താപനിലയിലെ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.