മാത്യു കുഴൽനാടന്റെ കുടുംബ ഭൂമിയിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും 

 

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ ഭൂമിയിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. താലൂക്ക് സർവേയർ മാത്യു കുഴൽനാടന് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തേ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമിക്കുകയും ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. 

സംസ്ഥാന വിജിലൻസ് വിഭാഗം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് കോതമംഗലത്തെകുടുംബവീടിനോട് ചേർന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. ഈ റോഡ് നിർമിച്ച ശേഷം തന്റെ വീട് ഒരു കുന്നിൻ മുകളിൽ എന്ന പോലെയായി. അവിടേക്ക് റോഡ് വെട്ടിയതായും കുഴൽനാടൻ പറഞ്ഞു .

മാത്യു കുഴൽനാടൻ്റെ ഇടുക്കി ചിന്നക്കനാലിലെ റിസോർട്ട് അനധികൃതമായി നിർമിച്ചതാണെന്ന ആരോപണങ്ങൾ നിലവിലുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും സി പി എം ആരോപിച്ചിരുന്നു. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണവും പരിശോധനയും നടത്തുന്നത്.