ആലുവ പെൺകുട്ടിയുടെ കുടുംബത്തിന് 50,000 രൂപ തിരികെ നൽകി; വിവാദമായതോടെ രക്ഷപ്പെടാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ്

 

 

ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കിട്ടിയ ധനസഹായത്തിൽ നിന്ന് പണം തട്ടിയ സംഭവം വിവാദമായതോടെ പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ്. 50,000 രൂപ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ മുനീർ തിരികെ നൽകി. പെൺകുട്ടിയുടെ പിതാവിന്റെ കയ്യിൽനിന്ന് ഇയാൾ പല തവണയായി 1,20,000 രൂപ വാങ്ങിയിരുന്നു. ഇതേക്കുറിച്ച് പുറത്തറിഞ്ഞതോടെ 70,000 രൂപ മുനീർ തിരികെ നൽകിയിരുന്നു. സംഭവം വാർത്തയായതോടെയാണ് ബാക്കി തുകയും നൽകിയത്. 

 

പണം തന്നില്ലെങ്കിൽ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. നന്നായി ഹിന്ദി സംസാരിക്കുന്ന മുനീർ പെൺകുട്ടിയെ കാണാതായതു മുതൽ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ കാണാതാകുമ്പോൾ ഇവർ താമസിച്ചിരുന്ന ജീർണ്ണാവസ്ഥയിലുള്ള വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ മാറ്റിയിരുന്നു. ഈ വീടിന് അഡ്വാൻസ് നൽകാനെന്ന പേരിലാണ് മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ചേർന്ന് ആദ്യം കൈക്കലാക്കിയത്. പിന്നീട് വീട്ടുപകരണങ്ങൾ വാങ്ങാനെന്ന പേരിലും പണം കൈപ്പറ്റി. എന്നാൽ വീടിന്റെ വാടക എംഎൽഎയായിരുന്നു കൊടുത്തത്. വീട്ടുപകരണങ്ങൾ തായിക്കാട്ടുകര സഹകരണ ബാങ്കിന്റെ സഹായത്തോടെ ജനകീയ സമിതിയും ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും നൽകിയിരുന്നു.