പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല; മൂന്നു പേര്‍ പിടിയില്‍

 

പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. മുണ്ടക്കയം സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരണ് പിടിയിലായത്. സുബൈറിനെയാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച സൂചനയനുസരിച്ചാണ് മറ്റു രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്.

പിടിയിലായവര്‍ക്ക് കേസുമായി എന്തു ബന്ധമാണ് ഉള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണോ പ്രതികളുമായി ബന്ധമുള്ളവരാണോ ഇവര്‍ എന്ന കാര്യത്തില്‍ ഇതുവരെ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

15-ാം തിയതിയാണ് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.