ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍; 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു

 

ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ റായല ചെരുവു ബണ്ടില്‍ വിള്ളല്‍. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബണ്ടില്‍ ചോര്‍ച്ച കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപവാസികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിജയനഗര സാമ്രാജ്യ കാലത്ത് പണികഴിപ്പിച്ച ജലസംഭരണി സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതു കൂടിയാണ്.

0.6 ടിഎംസി വെള്ളം സംഭരിക്കാനുള്ള ശേഷി മാത്രമേ സംഭരണിക്കുള്ളു. എന്നാല്‍ നിലവില്‍ ഇത് കവിഞ്ഞൊഴുകുകയാണെന്ന് തിരുപ്പതി ജില്ലാ കളക്ടര്‍ ഹരിനാരായണന്‍ പറഞ്ഞു. 0.9 ടിഎംസി വെള്ളം ഇപ്പോള്‍ സംഭരണിയിലുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. വിള്ളലിലൂടെ ചെറിയ തോതിലുള്ള ചോര്‍ച്ച മാത്രമാണ് നിലവിലുള്ളതെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് സമീപവാസികളെ ഒഴിപ്പിച്ചത്.

സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നാല് ദിവസമായി കനത്ത മഴ തുടരുകയാണ്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡുകള്‍ തകര്‍ന്നു. ഗ്രാമങ്ങള്‍ പലതും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.