സ്വവർഗ്ഗ വിവാഹം നാഗരിക-വരേണ്യ സങ്കൽപമല്ല; യോജിപ്പുകളും വിയോജിപ്പുകളുമുണ്ട്, സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

 

സ്വവർഗ്ഗ വിവാഹത്തെ എതിർക്കുന്ന കേന്ദ്ര സർക്കാർ വാദത്തെ എതിർത്ത് സുപ്രീം കോടതി. സ്വവർഗ്ഗ വിവാഹം നാഗരിക-വരേണ്യ വിഭാഗത്തിന്റെ കാഴ്ചപ്പാടാണെന്ന കേന്ദ്ര വാദത്തെ വിധിന്യായത്തിൽ കോടതി ഖണ്ഡിച്ചു. നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യ വർഗ്ഗമാണെന്ന് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അപൂർവ്വമായ ചിലർ നഗരങ്ങളിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് പറയുന്നത് അവരെ അവഗണിക്കലാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ, ഹിമ കോലി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവർ വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതിയുണ്ടെന്നിരിക്കെ സ്വവര്‍ഗമെന്നതിന്റെ പേരില്‍ മാത്രം വിവാഹത്തിന് നിയമസാധുത നിഷേധിക്കരുതെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.