പിണറായിയുടെ വീട്ടിലെത്തി സതീശൻ

പിണറായി, ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ പുറത്തെത്തി സതീശനെ സ്വീകരിച്ചു
 

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിൽ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബേക്കറി ജംക്‌ഷനിലെ പിണറായിയുടെ വാടക വീട്ടിൽ സതീശനെത്തിയത്. പിണറായി, ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ പുറത്തെത്തി സതീശനെ സ്വീകരിച്ചു. പിണറായി ഹസ്തദാനം നൽകിയാണ് നിയുക്ത മുഖ്യമന്ത്രിയെ വീടിനുള്ളിലേക്കു ക്ഷണിച്ചത്. ചായ നൽകി സൽക്കരിക്കുകയും ചെയ്തു. ‘സിഎമ്മിനു നല്ല ചിട്ടയുള്ള ആളാണ്, എനിക്കതില്ല. ഭക്ഷണം പകുതിയേ കഴിക്കുകയുള്ളു’ എന്നും സതീശന്‍ പറഞ്ഞു.

കുശലപ്രശ്നങ്ങൾക്കു ശേഷം രണ്ടുപേരും പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ ആളാണ് പിണറായി വിജയന്‍ എന്നു വി.ഡി.സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാനുള്ള പിന്തുണ പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചു. സത്യപ്രതിജ്ഞയ്ക്കു പിണറായി വിജയനെ ക്ഷണിച്ചുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ പിണറായി വിജയന്‍ തയാറായില്ല. പിന്നീടു പറയാമെന്നായിരുന്നു പിണറായിയുട‌െ പ്രതികരണം.