കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സ്‌പീക്കർ എ എൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. KLIBF-ന്റെ രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 2-ന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവർ പങ്കെടുക്കും. കൂടാതെ കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കുള്ള ‘നിയമസഭാ അവാർഡ്’ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ . എം.ടി. വാസുദേവൻ നായർക്ക് ഉദ്ഘാടനചടങ്ങിൽ വച്ച് നൽകുന്നതാണ്. ശ്രീ. അശോകൻ ചരുവിൽ, ശ്രീമതി പ്രിയ കെ. നായര്‍, നിയമസഭാ സെക്രട്ടറി ശ്രീ. എ.എം. ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.
പുസ്തകോത്സവത്തോടനുബന്ധിച്ച് 240-ഓളം പുസ്തക പ്രകാശനങ്ങൾ,30-ഓളം ബുക്ക് ഡിസ്കഷനുകൾ, മന്ത്രിമാരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പാനല്‍ ചർച്ചകൾ, ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘Meet the Author’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം', കൂടാതെ, സ്പെഷ്യൽ ഇവന്റുകളായ സ്‌മൃതിസന്ധ്യ, KLIBF Talks, കവിയരങ്ങ്, ‘കവിയും ജീവിതവും', KLIBF dialogues, അക്ഷരശ്ലോക സദസ്സ് എന്നിവ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലും കൂടാതെ, മറ്റ് 3 സ്റ്റേജുകളിലുമായി സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്ത 160-ഓളം പ്രസാധകരിൽ നിന്നും ആകെ 255 സ്റ്റാളുകൾക്ക് ബുക്കിംഗ് ലഭിച്ചു.
പുസ്തകോത്സവത്തിന്റെ ആദ്യ ദിനമായ നവംബർ 1 ന് നോബൽ സമ്മാന ജേതാവായ ശ്രീ. കൈലാഷ് സത്യാർത്ഥി പങ്കെടുക്കുന്നുണ്ട്. കൂടാതെ, തുടർന്നുള്ള ദിവസങ്ങളിൽ പെരുമാൾ മുരുകൻ, ഷബ്‌നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ, പ്രഭാവർമ, കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ. ഇ. സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ തുടങ്ങി125-ഓളം പ്രമുഖരും പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം ഒക്ടോബർ 26-ന് പഴയ നിയമസഭാ ഹാളിൽ സ്കൂൾ കുട്ടികൾക്കായി ‘മാതൃകാ നിയമസഭ’യും സംഘടിപ്പിക്കും.
2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും പരമാവധി 3 ലക്ഷം രൂപ ചെലവഴിച്ച്, സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾക്കും സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികൾക്കും കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്കും നിയമസഭാ പുസ്തകോത്സവത്തിൽ നിന്നും പുസ്തകങ്ങൾ വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
സന്ദർശക വിദ്യാർത്ഥികൾക്കായി നിയമസഭാ മ്യൂസിയം, അസംബ്ലി ഹാൾ, ശാസ്‌ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവ ഉൾപ്പെട്ട സൗജന്യ വിസിറ്റ് പാക്കേജ്, KSRTC ഡബിൾ ഡക്കർ ബസിൽ സിറ്റി റൈഡ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവത്തിൽ വിവിധ മാധ്യമങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി മീഡിയ സെൽ രൂപീകരിച്ചിട്ടുണ്ട്. പുസ്തകോത്സവം ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര - ദൃശ്യ - റേഡിയോ - ഓൺലൈൻ മാധ്യമങ്ങൾക്കും പത്ര - ദൃശ്യ- ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ, മികച്ച ക്യാമറാമാൻ എന്നീ വ്യക്തിഗത അവാർഡുകളും നൽകുന്നതാണ്.
നിയമസഭാ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നവംബർ1-ന് രാവിലെ 10 മണിക്ക് സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.