കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടൻ എത്തും; എം കെ രാഘവൻ എംപി 

 

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഉടൻ എത്തുമെന്ന് എം കെ രാഘവൻ എംപി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസ് എന്നും എം കെ രാഘവൻ പറഞ്ഞു. ദക്ഷിണ റെയിൽവേയിൽ നിന്നും ഉറപ്പ് ലഭിച്ചു. കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിക്കാനും നിവേദനം നൽകി.

മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം ഗോവ റൂട്ടുകളും രണ്ടാം വന്ദേഭാരതിന്റെ പരിഗണയിൽ ഉണ്ട്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക. നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്.

കഴിഞ്ഞ ഏപ്രിൽ 14നാണ് കേരളത്തിൽ ആദ്യമായി വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. 16 കോച്ചുകളുള്ള ട്രെയിൻ ആയിരുന്നു ഇത്. 24ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗ് ഓഫ് കർമം നിർവഹിച്ചത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒന്നാം വന്ദേഭാരതിന് അനുവദിച്ചിട്ടുള്ള സ്‌റ്റോപ്പുകൾ.