കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്; ജാഗ്രതക്കുറവുണ്ടായി

 

കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കുഞ്ഞിനെ തട്ടിയെടുക്കാന്‍ ആശുപത്രിക്കുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടില്ല. സംഭവം ആസൂത്രിതമായിരുന്നു. അതേസമയം സുരക്ഷാ ജീവനക്കാരിക്ക് ജാഗ്രതക്കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ സസ്‌പെന്‍ഡ് ചെയ്തു.

പ്രസവ വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന മിനി എന്ന സുരക്ഷാ ജീവനക്കാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയായ നീതു കുഞ്ഞുമായി പുറത്തേക്ക് പോകുമ്പോള്‍ ഇവര്‍ കസേരയില്‍ അലക്ഷ്യമായി ഇരിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആശുപത്രികള്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശവും നല്‍കി. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.