വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍, പിടിയിലാകുന്നത് മൂന്നാം തവണ
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകനെ അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്. 2012ലും 2019ലും വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
2012ല്‍ അമ്പതോളം വിദ്യാര്‍ത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് സംഭവം. പോക്‌സോ വകുപ്പ് നിലവില്‍ ഇല്ലാതിരുന്ന അക്കാലത്ത് ഐപിസി 377 വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ 2017ല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
2018 മുതല്‍ കരിപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. 2019ല്‍ ഈ സ്‌കൂളില്‍ അഷ്‌റഫിനെതിരെ പരാതി ഉയരുകയും പോക്‌സോ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അധ്യാപകന്‍ വീണ്ടും സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.
പോക്‌സോ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സമാന കുറ്റം ഇയാള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പോക്‌സോ കേസ് പ്രതി എല്‍പി സ്‌കൂള്‍ അധ്യാപകനായി തിരിച്ചെത്തിയതിലും വ്യാപക വിമര്‍ശനം ഉയരുകയാണ്.