പണം നല്‍കാതെ കൊച്ചി വിടാന്‍ ശ്രമിച്ച് കപ്പല്‍; അര്‍ദ്ധരാത്രി സിറ്റിംഗ് നടത്തി യാത്ര തടഞ്ഞ് ഹൈക്കോടതി
കൊച്ചി തീരത്തു നിന്ന് വെള്ളത്തിന്റെ പണം നല്‍കാതെ കടക്കാന്‍ ശ്രമിച്ച കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. അര്‍ദ്ധരാത്രി സിറ്റിംഗ് നടത്തിയാണ് കോടതി കപ്പല്‍ തടഞ്ഞത്. കൊച്ചി തുറമുഖത്ത് ചരക്കുമായെത്തിയ എംവി ഓഷ്യന്‍ റൈസ് എന്ന കപ്പലാണ് ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി അര്‍ദ്ധരാത്രി നടത്തിയ സിറ്റിംഗിലൂടെ തടഞ്ഞിട്ടത്. വെള്ളം നല്‍കിയ സ്വകാര്യ കമ്പനിയുടെ പരാതിയിലാണ് നടപടി.
കമ്പനിക്ക് കപ്പല്‍ രണ്ടര കോടി രൂപയാണ് നല്‍കാനുണ്ടായിരുന്നത്. ഇത് നല്‍കാതെ കപ്പല്‍ ഇന്ന് പുലര്‍ച്ചെ തീരം വിടാനായിരുന്നു നീക്കം. ഇതോടെ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് വെള്ളം നല്‍കിയ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കപ്പല്‍ തുറമുഖം വിട്ടാല്‍ തുക തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് കമ്പനി ബോധ്യപ്പെടുത്തി. തുടര്‍ന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അര്‍ദ്ധരാത്രി സിറ്റിംഗ് നടത്തുകയായിരുന്നു.
തുക രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതുവരെ തീരം വിടാന്‍ അനുമതിയില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ ഹര്‍ജിക്കാരന് കപ്പല്‍ ലേലം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി.