ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. പരമാവധി 80 സെന്റിമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 100 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിന് മുകളിലാണ്.

ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലും തുലാവര്‍ഷത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യതയും പരിഗണിച്ചാണ് നടപടി. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ രണ്ടു ഡാമുകളില്‍ നിന്നും ഒരേസമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പായി വെള്ളം കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും പ്രാദേശിക മാധ്യമങ്ങളിലൂടെയും മുന്നറിയിപ്പ് നല്‍കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
 

നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പും കെഎസ്ഇബിയും ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇടുക്കിക്കൊപ്പം ഇടമലയാറും തുറക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.