സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തുവിടാത്തത് ദുരൂഹം; ചെലവ് കുറച്ചു കാണിക്കാന്‍ ശ്രമമെന്ന് ഇ.ശ്രീധരന്‍
സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തുവിടാത്തത് ദുരൂഹം; ചെലവ് കുറച്ചു കാണിക്കാന്‍ ശ്രമമെന്ന് ഇ.ശ്രീധരന്‍
സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തു വിടാത്തത് ദുരൂഹമെന്ന് ഇ.ശ്രീധരന്‍. വലിയ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ പദ്ധതിച്ചെലവ് മനസിലാക്കുമെന്നതാണ് പ്രൊജക്ട് റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന് കാരണമെന്നും ശ്രീധരന്‍ പറഞ്ഞു. ഇതിനോടകം അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ കെ-റെയില്‍ നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ-റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതിയില്ലാതെ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല. അക്കാര്യങ്ങള്‍ സംസ്ഥാനം പരിശോധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും ശ്രീധരന്‍ പറഞ്ഞു. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ താന്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ-റെയില്‍ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ട്.
ജനക്ഷേമത്തിന് വേണ്ടിയാണെങ്കില്‍ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ പദ്ധതിയാണ്. അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.