ദത്ത് നടപടികള്‍ക്ക് സ്റ്റേ; അനുപമയ്ക്ക് അനുകൂല നടപടിയുമായി കുടുംബകോടതി

 

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ക്ക് ഇടക്കാല സ്റ്റേ പ്രഖ്യാപിച്ച് വഞ്ചിയൂര്‍ കുടുംബകോടതി. ദത്ത് നടപടികളില്‍ വിധി പറയുന്നതിന് തൊട്ടുമുന്‍പാണ് നടപടി. കുഞ്ഞിന്റെ മാതാവ് ജീവിച്ചിരിക്കുന്നതായി ഗവ.പ്ലീഡര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് അമ്മ ആവശ്യമുന്നയിച്ചതായും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയാണെന്നും കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആന്ധ്രാ സ്വദേശികളായ അധ്യാപക ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത്. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ അതോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ടതെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണ്. ആവശ്യമെങ്കില്‍ അത് നടത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. ദത്ത് നടപടികളില്‍ കക്ഷിചേരാന്‍ അനുപമയും ഹര്‍ജി നല്‍കിയിരുന്നു.