സതീശനായി തെരുവിൽ പ്രകടനം; തീരുമാനം ഉടൻ

കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തിവരുന്നതിനിടെ പ്രകടനങ്ങളും പ്രതിഷേധവും
 

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തിവരുന്നതിനിടെ തെരുവിലും സോഷ്യൽമീഡിയിലും പ്രകടനങ്ങളും പ്രതിഷേധവും. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രകടനങ്ങൾ നടന്നു. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന മുദ്രവാക്യമെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രകടനം. ഇരിട്ടിയിൽ നടന്ന പ്രകടനത്തിൽ രൂക്ഷമായ മുദ്രവാക്യങ്ങളുയർന്നു. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സിൽ പാലഭിഷേകം നടത്തി.

ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഇത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലെ അലയൊലികൾ തെരുവിൽ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ജെൻസി പ്രതിഷേധമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പടവെട്ടിയവൻ ഭരിക്കട്ടെ എന്ന തലക്കെട്ടിലുള്ള സതീശന്റെ ചിത്രംവെച്ചുള്ള കാമ്പയിനിൽ ഹൈക്കമാൻഡിന് മുന്നറിയിപ്പും നൽകുന്നുണ്ട്. 35000 ത്തോളം ആളുകൾ ഇതിനോടകം ഈ സ്റ്റാറ്റസ് കാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. യുഡിഎഫ് അനുകൂല പ്രൊഫൈലുകളിൽ തന്നെയാണ് ഈ പ്രചാരണം.