ഏതു കാലാവസ്ഥയെയും അതിജീവിക്കുന്ന കരുത്തന്‍; അപകടത്തില്‍ പെടുന്നത് രണ്ടാമത്തെ തവണ; അപകടത്തില്‍ ഞെട്ടല്‍
ഇന്ത്യന്‍ വ്യോമസേനയിലെ കരുത്തന്‍മാരില്‍ മുന്‍പന്തിയിലുള്ള ഹെലികോപ്ടറുകളാണ് റഷ്യന്‍ നിര്‍മിത എംഐ-17വി-5. കൂനൂരില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും കുടുംബവുമായി അപകടത്തില്‍ പെട്ട ഈ ഹെലികോപ്ടറുകള്‍ ഏറ്റവും വിശ്വസ്തരുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഏതു കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്ന ഇത് കൂനൂരിലെ സാധാരണ കാലാവസ്ഥയില്‍ തകര്‍ന്നുവീണത് വിദഗ്ദ്ധരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
സൂലൂരില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തപ്പോള്‍ സാങ്കേതിക തകരാറുകളൊന്നും ഹെലികോപ്ടറിന് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമസേന. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ളവരുടെ യാത്രകള്‍ക്ക് ഈ വിഭാഗത്തിലുള്ള ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. റഷ്യന്‍ നിര്‍മിത എംഐ-17 ഹെലികോപ്ടറിന്റെ ഇരട്ട എന്‍ജിന്‍ വകഭേദമാണ് തകര്‍ന്നു വീണത്.
ഏതുതരം പ്രദേശങ്ങളിലും, കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇവയെ വ്യോമസേനയിലെ ഏറ്റവും കരുത്തര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഈ മോഡലിലുളള നിരവധി ഹെലികോപ്ടറുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് മുന്‍പ് ശ്രീനഗറില്‍ വെച്ച് ഈ കരുത്തരില്‍ ഒന്ന് തകര്‍ന്നു വീണിട്ടുണ്ട്. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ ദിവസമായിരുന്നു അപകടം.
ബദ്ഗാമിലുണ്ടായ അപകടത്തില്‍ അന്ന് 6 വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. വ്യോമസേനയുടെ തന്നെ മിസൈല്‍ പതിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ പിന്നീട് വ്യോമസേന നടപടിയെടുത്തിരുന്നു.