സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Aug 28, 2023, 15:09 IST
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് തെളിവുകളുടെ അഭാവത്തിൽ തള്ളിയത്.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ചോദിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഹർജിയിലെ ആരോപണം.
ജൂറി അംഗങ്ങൾ തന്നെ പുരസ്‌കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ എൻ പ്രഭു ചൂണ്ടികാട്ടി.