എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണ, പിണറായിയുടെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് കേസന്വേഷണം സുപ്രീം കോടതി തടഞ്ഞു. ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവു റദ്ദാക്കിക്കൊണ്ടാണിത്. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ റജിസ്റ്റർ ചെയ്ത കേസല്ല ഇതെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തതെന്നും ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
സർക്കാർ സ്വന്തം നിലയിൽ കേസെടുക്കേണ്ടതായിരുന്നു. പൊതുസേവകർ അവരുടെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായ ചെയ്ത കാര്യങ്ങളുമായി ബന്ധപ്പെട്ടു അഴിമതി നിരോധന നിയമപ്രകാരം അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ പിണറായിയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്യാൻ പിണറായി അടക്കം ആരോപണവിധേയർക്ക് അവകാശമില്ലെന്ന ഡിവിഷൻ ബെഞ്ച് നിലപാടിനെയും സുപ്രീം കോടതി വിമർശിച്ചു.
കേസിൽ പിണറായി അടക്കം നൽകുന്ന അപ്പീൽ പരിഗണിക്കും വരെ ഒരാഴ്ചത്തേക്കാണ് അന്വേഷണ നടപടികൾ സുപ്രീം കോടതി തടഞ്ഞത്. അതേസമയം, കേസിന്റെ വസ്തുതകളിലേക്കു കടന്നുള്ള പരാമർശം നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. കോടതി ദസറ അവധിയിലാണെങ്കിലും കേസിന്റെ അടിയന്തര പ്രാധാന്യം ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണ് പ്രത്യേക ബെഞ്ച് വാദം കേട്ടത്.