ഉത്ര കേസില്‍ സൂരജ് കുറ്റക്കാരന്‍; വിധി പ്രസ്താവിച്ചു; ശിക്ഷ മറ്റന്നാള്‍

 
അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് വിധി. കൊല നടത്തിയത് സൂരജാണെന്ന് കോടതി കണ്ടെത്തി
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് വിധി. കൊല നടത്തിയത് സൂരജാണെന്ന് കോടതി കണ്ടെത്തി. ബുധനാഴ്ച കേസില്‍ ശിക്ഷ പ്രഖ്യാപിക്കും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി 6 ആണ് കേസില്‍ വിധി പറഞ്ഞത്. ഐപിസി 302,307, 321, 208 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. കൊലപാതകം, കൊലപാതകശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കുക, തെളിവു നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ ശാസ്ത്രീയ തെൡവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിച്ചതാണെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു.

പ്രതി സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസില്‍ വിധിക്കു തൊട്ടുമുന്‍പ് നടന്ന അവസാന വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതി ചെയ്ത കൃത്യം വിചിത്രവും പൈശാചികവും ദാരുണവുമാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സൂരജിനെ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

ഉത്രയെ അണലി കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് എങ്ങനെ കൊല നടത്താമെന്ന് യൂട്യൂബില്‍ തെരയുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ സഹിതം വാദിച്ചു. സ്വന്തം ഭാര്യ ആശുപത്രിയില്‍ വേദന കടിച്ചമര്‍ത്തി കഴിയുമ്പോള്‍ കൊലപാതകത്തിന് മറ്റൊരു മാര്‍ഗ്ഗം തെരയുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണ് ഇത്.