പുതിയ ചുമതല ഏറ്റെടുക്കാൻ സുരേഷ്ഗോപിയിൽ  സമ്മർദ്ദം ചെലുത്തില്ല; ബിജെപി നേതൃത്വം 

 

സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ നടൻ സുരേഷ് ഗോപിയ്ക്ക് മേൽ സമ്മർദം ചെലുത്തില്ലെന്ന് ബിജെപി നേതൃത്വം. പുതിയ നിയമനം തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ആർ.മാധവനെ നിയമിച്ചതിന് തുടർച്ചയായിട്ടാണെന്നും പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നു.

എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നത് പാർട്ടിയുടെ തീരുമാനമാണെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ഒരു നേതാവിനോടും പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രനേതൃത്വം വിശദീകരിച്ചു. തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ തന്നെയാണ് നേതൃത്വം സുരേഷ് ഗോപിയോട് നിർദേശിച്ചിരിക്കുന്നത്.