ചൈനക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് തായ്‍വാന്‍; ജനാധിപത്യം തുടരും

 

ചൈനീസ് സമ്മർദ്ധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് തായ്‍വാന്‍പ്രസിഡന്റ് സായ് ഇംഗ്-വെൻ വ്യക്തമാക്കി. തായ്‍വാന്‍ അതിന്റെ ജനാധിപത്യ സ്വഭാവം തുടരുമെന്നും അവർ പറഞ്ഞു. ചൈന വീണ്ടും തായ്‍വാനിലെ അവകാശവാദം ഉറപ്പിക്കുന്ന അവസരത്തിലാണ് തായ് പ്രസിഡന്റിന്റെ പ്രസ്ഥാവന. 


തായ്‍വാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ. നമ്മൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ ചൈനയിൽ നിന്നുള്ള സമ്മർദ്ധം വർദ്ധിക്കും. എന്നാലും തായ്‍വാന്‍ മുട്ടുമടക്കില്ല. സായ് ഇം​ഗ് വെൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഏകീകരണം ചൈന പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് ഷീ ജിൻപിം​ഗ് പറഞ്ഞത്. തായ്‍വാന്‍  ഒരു പരമാധികാര രാജ്യമായി സ്വയം കണക്കാക്കുന്നു. എന്നാൽ ചൈന അതിനെ തങ്ങളുടെ പ്രവിശ്യയായി കാണുന്നു. ഏകീകരണം നേടാൻ ബലം പ്രയോഗിക്കാനുള്ള സാധ്യത ബീജിംഗ് തള്ളിക്കളഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ചൈന തായ്‍വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് നിരവധി സൈനിക ജെറ്റുകൾ അയച്ചു. തായ്‍വാന്‍ പ്രസിഡന്റിനുള്ള മുന്നറിയിപ്പായി ഈ വിമാനങ്ങളെ കാണാമെന്ന് ചില രാഷ്ട്രീയവിദഗ്‍ദ്ധർ പറഞ്ഞു. തായ്‍വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ദേശീയ സുരക്ഷയെയും വ്യോമയാന സുരക്ഷയെയും സാരമായി ബാധിച്ചു, കഴിഞ്ഞ 72 വർഷങ്ങളിലെ മറ്റേതൊരു ഘട്ടത്തേക്കാളും ഇപ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാണെന്ന് തായ്‍വാന്‍ പ്രസിഡന്റ് പറഞ്ഞു.